Monday, May 28, 2007

എന്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല അവന്റെ രണ്ട് കണ്ണും പോയല്ലോ! വി.എസ്സിനെ പിബി പുറത്താക്കി,കൂടെ പിണറായിയേയും....

ഇതെന്റെ മാഷേ....ആങ്ങള ചത്തിട്ടായാലും ആ നാത്തൂന്റ്റെ കണ്ണീരൊന്ന് കാണണം എന്നതു പോലെ ആയിപ്പോയല്ലോ?...

ജീവിതത്തിലിന്നുവരെ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും കണ്ടിട്ടില്ലാത്ത, പുസ്തകത്തിലൂടെ മാര്‍ക്സിസം പഠിച്ച കരാട്ടിന് ജനങ്ങളുടെ മനസ്സിനേക്കാള്‍ അറിയാന്‍ കഴിയുന്നത് ഡല്‍ഹിയിലെ കോട്ടും സൂട്ടുമിട്ട രാഷ്ട്രീയ ഉപജാപകരുടെ കീശക്കനമല്ലേ...മൂന്നാറിന്റെ അനക്കം അങ്ങ് ഡല്‍ഹിയില്‍ വരെയോ? ഹമ്മേ!

പാവം അച്ചുമാമ, അങ്ങേരറിയുന്നില്ല... ഇപ്പോള്‍ പാര്‍ട്ടിയില്‍ അങ്ങേര് ഒരു മിസ്ഫിറ്റാണെന്ന്... പിന്നെ (പഴയ സഖാവ്) വി.ബി.ചെറിയാന്‍ പറയുന്നത് കേട്ടു പാര്‍ട്ടി ഭരണഘടന അനുസരിച്ച് സസ്പെന്‍ഷന് വകുപ്പില്ല... പുറത്താക്കലെ പറ്റൂ എന്ന്...അപ്പോള്‍ പിബിയിലിരിക്കാന്‍ യോഗ്യതയില്ലാത്തവന്.... പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിക്കാം, പാ‍ര്‍ട്ടിയുടെ മുഖ്യമന്ത്രിയും ആവാം....പാര്‍ട്ടിയ്ക്ക് ജനങ്ങളോടുള്ള ഒരു കടപ്പാടേ.... വിപ്ലവം ജയിക്കട്ടെ....

പിന്‍‌കുറിപ്പ്: ഇപ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ആകെ ഉണര്‍ന്നു.... രണ്ട് വേക്കന്‍സി വന്നില്ലേ... അല്ലേല്‍ പിബി കസേരയെന്നാല്‍ ചത്തു കട്ടിലൊഴിയുക എന്നതായിരുന്നല്ലോ അവസ്ഥ.......ഇനിയിപ്പോള്‍, പാവം എസ്. രാമചന്ദ്രന്‍ പിള്ളയദ്ദേം കുറച്ച് നാള്‍ ഒറ്റയ്ക്ക് കേരളത്തെ പിബിയില്‍ പ്രധിനിധീകരിക്കട്ടേ!

Monday, May 14, 2007

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി.... മലമൂടന്റെ കമന്റ്

അപ്പോള്‍ ഈ കാണുന്ന വിധത്തിലും കരാറുണ്ടാക്കാം...

എന്നാലും അച്ചുമാമ എന്തൂട്ടാ പരിപാടിയിത്....ഞമ്മക്ക് അടിച്ചുമാറ്റാനുള്ള ചില ബകുപ്പൊക്കെ എയുതി ചേക്കണ്ടേന്ന്...പണ്ടാരമടങ്ങാന്‍ ആയുസ്സില്‍ ഒരു തവണയല്ലെ ഇങ്ങനെ ഒരു ചാന്‍സ് കിട്ടുക...അതും കുയപ്പത്തിലാക്കീലോ നിങ്ങള്....ഇങ്ങനെയിരിക്കും ഫരിക്കാന്‍ അറിയാത്തവന്‍ ഫരിച്ചാല്‍..ഞമ്മടെ ഒരു നാലു തലമുറയ്ക്ക് തിന്നാ‍നുണ്ടാക്കാവുന്ന പ്രൊജക്റ്റാ...ഈ അച്ചുമാന്‍, നാട്ടാരെ നന്നാക്കാന്‍ ഈ രീതിയില്‍ ആക്കിയേ...ഇങ്ങേര് പണ്ടാരമടങ്ങി കുത്തുപാളയെടുക്കും... അല്ലേല്‍ എടുപ്പിക്കും... ഇത് സത്യം...ഞമ്മടെ...കോട്ടയം കുഞ്ഞച്ചനാണേ, മണിമല മാണിയാണേ, മലപ്പുറം ഹാജിയാണേ, ചെന്നിക്കുട്ടനാണേ, ഷാനവാസിക്കയാണേ സത്യം...ഉ.ഡി.എപ്‌ഹ് എന്നാല്‍ വെറും ഊപ്പയേന്ന വിശാരം...എന്തായാലും മൂന്നാറ് വന്ന സ്ഥിതിക്ക് ആ പാര്‍ട്ടി ചെക്രട്ടരിമാരെ (വെളിയിലും, പിണറകിലുമുള്ള) കൂടി കിട്ടൂമോന്ന് നോക്കട്ടെ...ഞമ്മള് നിങ്ങളെ സൂപ്പാക്കിതരാന്ന്....

Saturday, May 12, 2007

അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

ഇതിപ്പോള്‍ ഒരു ഷാലികൈലാസ്-രണ്‍ജിപ്പണിക്കര്‍-സുരേഷ്ഗോപി സിനിമ കാ‍ണുന്ന ത്രില്ലുണ്ട് കേട്ടോ..മൂന്നാറില്‍ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രി ഒരു പറ്റം ആളുകളെ വിടുന്നു... പാര്‍ട്ടി ഇടയുന്നു...മുന്നണി പിണങ്ങുന്നു....

രാജൂ സാമി...അമ്മായിയപ്പന്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ഇനം...സുരേഷ്...മുഖ്യന്റെ ആള്‍, സിംഗ്...ആ സി.ഡി. പിടുത്തക്കാരന്‍...ഇവരെ മാറ്റി കുറച്ച് പ്രായമായ തഴക്കം വന്ന (നട്ടെല്ല് തേഞ്ഞ എന്ന് തിരുത്തി വായിക്കണേ)ആരെയെങ്കിലും വയ്ക്കണമെന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ എന്താ തെറ്റ്? കഴിഞ്ഞ ഇലക്ക്ഷനു കണ്ടവന്റെയൊക്കെ, അബ്കാരി,വനംകോള്ള, കോണ്ട്രാക്ട്ര്..വന്‍‌കിടകളുടെ കാലുനക്കി പണം എണ്ണി വാങ്ങിയതേ... ഈ സെക്രട്ടറിയാ...അല്ലാതെ ആദര്‍ശം പറയുന്ന മുഖ്യമന്ത്രിയല്ല... കാശ് എണ്ണിക്കോടുത്തവന്‍ പറയുന്നപോലെ വേണം ഭരിക്കാന്‍...അല്ലാതെ ആദര്‍ശിക്കരുത്...ആദര്‍ശിക്കാന്‍ ഇത് സുരേഷ്ഗോപി സിനിമയുമല്ല...അതേ ഈ നാട് ഭരിക്കാന്‍ യോഗ്യന്‍ പിണറായി സാറാ... അപ്പോള്‍ പാവപ്പെട്ടവനൊക്കെ പിണമായിക്കൊള്ളുമല്ലോ....ആദര്‍ശം നമുക്ക് പൊതിഞ്ഞുവയ്ക്കാം, കാണാന്‍ നല്ല ചേലുണ്ടെങ്കില്‍ പേപ്പര്‍ വെയിറ്റാക്കാം.

സഖാവ് കൃഷ്ണപിള്ള ബഞ്ചില്‍ കിടന്നത് കൊണ്ട് എല്ലാ കമ്യൂണിസ്റ്റ്കാരും ബഞ്ചില്‍ കിടക്കണോ എന്ന് - വീട് എ.സി.ചെയ്തകാര്യം ചോദിച്ചപ്പോള്‍ നമ്മുടെ ഒരു മന്ത്രിപുംഗവന്‍ പറഞ്ഞതും കണ്ടു...സോ...അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...